കാണാതായ അധ്യാപിക കടപ്പുറത്ത് മരിച്ച നിലയിൽ; തലമുടി മുറിച്ചു നീക്കിയ നിലയിൽ
crime, Featured, Main News

കാണാതായ അധ്യാപിക കടപ്പുറത്ത് മരിച്ച നിലയിൽ; തലമുടി മുറിച്ചു നീക്കിയ നിലയിൽ

മഞ്ചേശ്വരം ∙ മൂന്നു ദിവസം മുൻപു കാണാതായ അധ്യാപിക ദുരൂഹസാഹചര്യത്തിൽ കടപ്പുറത്തു മരിച്ച നിലയിൽ. മിയാപദവ് ചിഗിർപദവ് ചന്ദ്രകൃപയിലെ എ. ചന്ദ്രശേഖരന്റെ ഭാര്യ ബി. കെ. രൂപശ്രീയുടെ (44) മൃതദേഹമാണ് അഴുകിത്തുടങ്ങിയ നിലയിൽ കുമ്പള കോയിപ്പാടി കടപ്പുറത്ത് കണ്ടെത്തിയത്. തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു. ഒരാൾ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു രൂപശ്രീ പറഞ്ഞിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

മിയാപദവ് എസ്‍‌വിഎച്ച്എസ്എസിലെ അധ്യാപികയായ രൂപശ്രീയെ 16നാണു കാണാതായത്. ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയിൽ സഹപ്രവർത്തകയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും, മകൾ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്കൂളിലും എത്തിയിരുന്നു. വൈകിട്ടു വീട്ടിലെത്താത്തതിനാൽ രൂപശ്രീയുടെ രണ്ടു ഫോണുകളിലും വിളിച്ചെങ്കിലും ഒരെണ്ണം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

രണ്ടാമത്തെ ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നെങ്കിലും എടുത്തില്ല. ബന്ധുക്കൾ നൽകിയ പരാതിയിൽ മഞ്ചേശ്വരം പൊലീസ് അന്വേഷിക്കുന്നതിനിടയിൽ രൂപശ്രീയുടെ സ്കൂട്ടർ ഹൊസങ്കടിയിൽ നിന്നു 2 കിലോമീറ്റർ അകലെ ദുർഗിപള്ളത്തെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

കടപ്പുറത്ത് കൂടി നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് ഇന്നലെ മൃതദേഹം കണ്ടത്. വിവാഹമോതിരം വച്ചാണു  ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്നലെ മൃതദേഹം കണ്ടെത്തിയതിനു ശേഷവും രണ്ടാമത്തെ ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു. വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് അതിന്റെ ടവർ ലൊക്കേഷൻ കാണിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ അതും ഓഫായി. ഫോൺ ഉപേക്ഷിച്ചതാകാമെന്നാണു പൊലീസിന്റെ നിഗമനം. പരേതനായ കൃഷ്ണ ഭണ്ഡാരിയുടെയും എൽഐസി ഏജന്റ് ലീലാവതിയുടെയും മകളാണ്. മഞ്ചേശ്വരം സർവീസ് സഹകരണബാങ്ക് ജീവനക്കാരനാണു ഭർത്താവ് ചന്ദ്രശേഖരൻ. മക്കൾ: കൃതിക്, കൃപ. സഹോദരങ്ങൾ: ദീപ, ശിൽപ

January 19, 2020

Leave a Reply

Your email address will not be published. Required fields are marked *