അജ്ഞാത വൈറസ് ബാധിച്ചത് ആയിരത്തോളംപേരെ, ചൈന ഭീതിയിൽ
Main News, World

അജ്ഞാത വൈറസ് ബാധിച്ചത് ആയിരത്തോളംപേരെ, ചൈന ഭീതിയിൽ

ബെയ്ജിങ്: ചൈനയിൽ അജ്ഞാത വൈറസ് ബാധിച്ചത് ആയിരത്തിലേറെപ്പേരെയെന്ന് ശാസ്ത്രജ്ഞർ. അമ്പതുപേരിലാണ് സ്ഥിരീകരിച്ചതെന്നാണ് ചൈനീസ് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, 1723 പേരെ ഇതിനകം വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ ശനിയാഴ്ച വെളിപ്പെടുത്തി.

ലണ്ടനിലെ ഇംപീരിയൽ കോളേജിലെ എം.ആർ.സി. സെന്റർ ഫോർ ഗ്ലോബൽ ഇൻഫെക്ഷ്യസ് ഡിസീസസ് അനാലിസിസിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ബ്രിട്ടീഷ് സർക്കാരിൻറെയും ലോകാരോഗ്യസംഘടനയുടെയും ഉപദേശക സംഘടനയാണിത്.

ചൈനയിലെ വുഹാനിൽ ഡിസംബറിലാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്. തായ്‍‍ലാൻഡിൽ രണ്ടുകേസുകളും ജപ്പാനിൽ ഒരുകേസും റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് കുടുംബത്തിലെ അജ്ഞാത വൈറസാണ് രോഗം പടർത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. കടുത്ത ന്യുമോണിയയാണ് ലക്ഷണം. 2002-2003 വർഷങ്ങളിൽ ചൈനയിലും ഹോങ് കോങ്ങിലും കൊറോണ വൈറസ് പടർത്തിയ സാർസ് രോഗത്തിൽ 770-ലേറെപ്പേരാണ് മരിച്ചത്.

ആഴ്ചകൾ പിന്നിടുംതോറും കാര്യങ്ങൾ ആശങ്കാജനകമാകുകയാണെന്ന് പഠനം നടത്തിയ സംഘത്തിലെ ഡിസീസ് ഔട്ട്ബ്രേക്ക് ശാസ്ത്രജ്ഞൻ പ്രൊഫ. നീൽ ഫെർഗ്യൂസൺ പറഞ്ഞു. “വുഹാനിൽനിന്ന് വൈറസ് തായ്‍ലാൻഡിലേക്കും ജപ്പാനിലേക്കും പടർന്നിട്ടുണ്ട്. ഇത്തരത്തിൽ കൂടുതൽ കേസുകൾ ഇനിയുമുണ്ടാവാം” -ഫെർഗ്യൂസൺ പറഞ്ഞു. വൈറസ് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരുന്നുവെന്ന് കണ്ടെത്താനായിട്ടില്ലെന്നും എന്നാൽ, അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ചൈനീസ് അധികൃതരും പറഞ്ഞു.

യു.എസ്., ഹോങ്‌ കോങ്, തായ്‍ലാൻഡ് വിമാനത്താവളങ്ങളിൽ പരിശോധന

ചൈനയിൽ അജ്ഞാത കൊറോണ വൈറസ് പടർന്നതോടെ യു.എസും ഹോങ് കോങ്ങും വിമാനത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിക്കാൻ തുടങ്ങി. ചൈനയിൽനിന്ന് നേരിട്ട് വിമാനങ്ങളെത്തുന്ന സാൻഫ്രാൻസിസ്‍കോ, ന്യൂയോർക്ക് വിമാനത്താവളങ്ങളിലും കണക്ടിങ് വിമാനങ്ങൾ കൂടുതലെത്തുന്ന ലോസ് ആഞ്ജലിസ് വിമാനത്താവളത്തിലുമാണ് പരിശോധന. ചൈനയിൽനിന്നെത്തുന്നവരെ വിമാനത്താവളങ്ങളിൽ പരിശോധിക്കുന്നതായി തായ്‍ലാൻഡും ഹോങ് കോങ്ങും വ്യക്തമാക്കി.

അതേസമയം, ചൈന ഇതുവരെ യാത്രാനിയന്ത്രണങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വുഹാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദിവസം 3400-ലേറെപ്പേരാണ് വിദേശത്തേക്ക് യാത്രചെയ്യുന്നത്.

January 19, 2020

Leave a Reply

Your email address will not be published. Required fields are marked *