നെപ്റ്റ്യൂണിന്റെ ഉപഗ്രഹങ്ങള്‍ കൂട്ടിമുട്ടാതിരിക്കാന്‍ ‘നൃത്തം’ ചെയ്യുന്നുവെന്ന് നാസ
Sic-Tech

നെപ്റ്റ്യൂണിന്റെ ഉപഗ്രഹങ്ങള്‍ കൂട്ടിമുട്ടാതിരിക്കാന്‍ ‘നൃത്തം’ ചെയ്യുന്നുവെന്ന് നാസ

ഇപ്പോഴിതാ നാസയുടെ രസകരമായൊരു കണ്ടെത്തല്‍. നെപ്റ്റ്യൂണിന് നയാദ്, തലാസ് എന്നറിയപ്പെടുന്ന രണ്ട് ഉപഗ്രങ്ങളുണ്ട്. ഇവ പരസ്പരം കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ സവിശേഷമായ ഒരു രീതിയിലാണ് സഞ്ചരിക്കുന്നത്. കോസ്മിക് നൃത്തം എന്ന് നാസ ഈ സഞ്ചാരത്തെ വിളിക്കുന്നു.

നാസ പുറത്തുവിട്ട വീഡിയോ കണ്ടാല്‍ അത് ഒരുതരത്തിലുള്ള നൃത്തം തന്നെ. നെപ്റ്റ്യൂണിന്റെ ഉപഗ്രഹങ്ങള്‍ 1840 കി.മി. അകലെയാണ് പരിക്രമണം ചെയ്യുന്നത്. ഇവയ്ക്ക് തികച്ചും ഏകോപനമുള്ള ഭ്രമണപഥങ്ങളുണ്ട്. അതായത് അവ പരസ്പരം കടന്നുപോകുമ്പോള്‍ ഏകദേശം 3520 കി.മി. അകലമാണുള്ളത്.

നയാദ് ഓരോ ഏഴു മണിക്കൂറിലും നെപ്റ്റിയൂണിനു ചുറ്റും കറങ്ങുന്നുണ്ട്. അതേസമയം തലാസ് 7.5 മണിക്കൂര്‍ എടുത്താണ് നെപ്റ്റിയൂണിനെ ചുറ്റുന്നത്.

തനിക്ക് നിശ്ചയിച്ച ഭ്രമണപഥത്തില്‍ ശാന്തനായാണ് തലാസ് നീങ്ങുന്നതെങ്കില്‍, നയാദ് അങ്ങനെയല്ല. നാസ ഇതുവരെ കാണാത്തവിധം മുകളിലേക്കും താഴേക്കും ഉയര്‍ന്നാണ് നെപ്റ്റിയൂണിന് ചുറ്റും ഇത്

സഞ്ചരിക്കുന്നത്.

എന്നാല്‍ നെപ്റ്റിയൂണിന് നയാദും തലാസും മാത്രമല്ല ഉപഗ്രഹങ്ങളായുള്ളത്. പതിനാല് ചന്ദ്രന്മാര്‍ നെപ്റ്റിയൂണിനെ വലംവെക്കുന്നുണ്ട്. നെസോ ആണ് ഇതില്‍ ഏറ്റവും ദൂരെ സ്ഥിതിചെയ്യുന്നത്. നെപ്റ്റ്യൂണില്‍ നിന്നും 46 ലക്ഷം മൈല്‍ ( ഏകദേശം 74 ലക്ഷം കി.മി.) ദൂരത്തുകൂടി സഞ്ചരിക്കുന്ന നെസോ ഒരു തവണ നെപ്റ്റ്യൂണിനെ ചുറ്റാന്‍ 27 വര്‍ഷമെടുക്കും.

നയാദിന്റെ അസ്വാഭാവികമായ ഈ സഞ്ചാരത്തിന് കാരണം നെപ്റ്റ്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ട്രിറ്റണാണെന്നാണ് ഗവേഷകര്‍ കരുതുന്നത്.

November 24, 2019

Leave a Reply

Your email address will not be published. Required fields are marked *